Friday, 10 November 2017

നോട്ട് നിരോധനത്തിന്റെ യഥാർത്ഥ ഗുണഭോക്താവാര്? 3.5 ലക്ഷം കോടി തിരിച്ചു വരില്ലെന്ന് പറഞ്ഞിടത്ത് സംഭവിച്ചതെന്ത്? ഡിജിറ്റൽ ഇടപാടിന് പിറകിൽ നടക്കുന്ന കൊള്ളയും പേടിഎം ഉടമയുടെ ചിരിയും


ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ, 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടതു പോലെ ഇന്ത്യയിലെ സാധാരണക്കാർക്ക് ഗുണം ചെയ്തില്ലെങ്കിലും ഒരു വർഷം പൂർത്തിയാകുമ്പോൾ യഥാർത്ഥ ഗുണഭോക്താവിനെ ഇന്ത്യ തിരിച്ചറിഞ്ഞിരിക്കുന്നു: വിജയ് ശേഖർ ശർമയെന്ന 39കാരനാണ് നോട്ട് നിരോധനം കൊണ്ട് ഏറ്റവുമധികം ഗുണമുണ്ടായയാൾ.
അതിലേക്ക് വരും മുമ്പ്, മോഡി കൂട്ടിയ ചില കണക്കുകളുണ്ട്. പൊട്ടിത്തകർന്നെന്ന് ഒരു വർഷം കൊണ്ട് തെളിഞ്ഞ കണക്ക്.
ഒന്നാമത് കള്ളപ്പണം ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചു വെന്നും അതുകൊണ്ട് വലിയ മൂല്യമുള്ള 500, 1000 രൂപയുടെ ആകെ മൂല്യമായ 15.78 ലക്ഷം കോടിയുടെ നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സുമാർ 3.5 ലക്ഷം കോടിയുടെ നോട്ടുകൾ തിരികെ വരില്ലെന്നും നീക്കിയിരുപ്പായി ഇതിനെ കണക്കാക്കി, ഇതേ മൂല്യമുള്ളനോട്ടുകൾ റിസർവ് ബാങ്കിനെക്കൊണ്ട് അച്ചടിപ്പിച്ച് ഇന്ത്യക്കാരുടെ അകൗണ്ടിൽ ലക്ഷങ്ങൾ സർക്കാർ നിക്ഷേപിക്കുമെന്നും 40 രൂപയ്ക്ക് പെട്രോളും 50 രൂപയ്ക്ക് ഡീസലും വിൽക്കുന്ന മധുര മനോഹര രാജ്യമാകും ഇന്ത്യയെന്നുമൊക്കെയാണ് സുരേന്ദ്രനാദി സംഘികൾ ചാനലിലൂടെ തട്ടി വിട്ടത്. കൃത്യമായ ട്രെയിനിംഗ് കിട്ടിയാണ് തട്ടി വിട്ടത്. പക്ഷേ തിരികെയെത്തിയത്, ഇതുവരെയുള്ള കണക്ക് പ്രകാരം 99 ശതമാനത്തിലധികം നോട്ടുകൾ. എന്നിട്ടും എണ്ണാൻ ഇനിയും കിടക്കുന്നു. ദിനംപ്രതി അസാധു നോട്ട് പിടിക്കുന്നു. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് നോട്ട് വരാനിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ അടിച്ചിറക്കിയതിയും കൂടുതൽ നോട്ട് തിരികെ വാങ്ങി സർക്കാർ തന്നെ പുതിയത് കൊടുത്തു. ഇതിന് പുറമേയാണ് ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം, ബാങ്കുകൾ സ്തംഭിച്ചത്, പുതിയ നോട്ട് അടിക്കാൻ വന്ന ചെലവ്, ക്യൂ നിന്ന ജനം തുടങ്ങിയ പ്രശ്നങ്ങൾ. കാശ്മീരിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ തീവ്രവാദി പ്രശ്നവും ഉണ്ടായി. പറഞ്ഞതിന് വിപരീതമാണ് നടന്നത്.
അതോടെയാണ് ഡിജിറ്റൽ ഇടപാടെന്ന പുതിയ നമ്പർ ഇറങ്ങിയത്. ഇനി തുടക്കത്തിൽ പറഞ്ഞിടത്തേക്ക് വരാം, ആരാണ് വിജയ് ശേഖർ ശർമയെന്നല്ലേ? 1978 ജൂൺ ഏഴിന് ഉത്തർപ്രദേശിലെ അലിഗഡിൽ ഒരു സ്കൂൾ അധ്യാപകന്റെ മകനായി ജനിച്ച്, ഹിന്ദി മീഡിയത്തിൽ പഠിച്ച് നന്നായി ഇംഗ്ലീഷ് എഴുതാനോ വായിക്കാനോ അറിയാതെ ഡൽഹി സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയ സാധാരണക്കാരൻ. മാതാപിതാക്കളിൽ നിന്ന് പണം കടമെടുത്ത് ആരംഭിച്ച ടെലികോം ബിസിനസ് പൊളിഞ്ഞ് പോക്കറ്റിൽ പത്ത് രൂപയുമായി ജീവിച്ച ഫ്ലാഷ് ബാക്കിനുടമയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ.
എന്നാൽ ഇന്ന് നോട്ട് നിരോധനം 52,000 കോടി രൂപയുടെ വലിയൊരു ഡിജിറ്റൽ പേഴ്സിന് വിജയ് ശേഖർ ശർമയെ ഉടമയാക്കി. പേ ത്രൂ മൊബൈലിന്റെ ചുരുക്കെഴുത്തായി പേടി എമ്മിന്റെ ഉടമയാണ് വിജയ് ശേഖർ ശർമ.
2010 ഓഗസ്റ്റിലാണ് കറൻസി ഉപയോഗിക്കാതെ ഓൺലൈൻ വഴി പണമിടപാട് എന്ന ആശയത്തിലൂന്നിയുള്ള മൊബൈൽ വാലറ്റിന് വിജയ് തുടക്കം കുറിച്ചത്. എന്നാൽ 2016 നവംബർ എട്ടിന് രാത്രി എട്ടോടെ വിജയ് ശേഖർ ശർമയുടെ ജീവിതം മാറിമറിഞ്ഞു. കഴിഞ്ഞ വർഷം 11 കോടിയും ഈ വർഷം 28 കോടിയുമായി വിജയ് യുടെ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചു കയറി. 50 കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലുടനെത്തുവെന്ന് പറയുന്ന വിജയ് ഇന്ത്യയിലെ യുവധനികരുടെ ഫോബ്സ് പട്ടികയിലും ഇടം പിടിച്ചു; നന്ദി സാക്ഷാൽ മോഡിയോട് മാത്രം!
ഇനി ഡിജിറ്റൽ ഇടപാടിനെ പറ്റി. നോട്ടില്ലാത്ത ആ ദുരിതകാലത്ത് പേടി എം വഴി രണ്ട് മുട്ടവാങ്ങാൻ ഒരാൾ കടയിൽ പോയി എന്ന് കരുതുക. മുട്ടയ്ക്കെന്താ വിലയെന്ന് ചോദിച്ചാൽ അഞ്ച് രൂപയെന്ന് കടയുടമ പറയും. രണ്ടെണ്ണത്തിന് പത്ത് രൂപ. പേടി എം വഴി ഇടപാട് നടത്തിയാൽ നിങ്ങൾക്ക് ചുരുങ്ങിയത് 11 രൂപ ചെലവാക്കേണ്ടി വരും. കൂടുതൽ കൊടുക്കുന്നത് സാധനത്തിന്റെ വിലയല്ല. പേടി എസിന്റെ സർവീസ് ചാർജാണ്. 50 രൂപയ്ക്കു പച്ചക്കറി വാങ്ങിയാൽ അതിലധികം പണം നൽകേണ്ടി വരുന്നു. ഓരോ ചെറുതും വലുതുമായ ഇടപാടിനും പേടി എം ഉടമയുടെ പോക്കറ്റ് കുലുങ്ങുന്നു. അതു കൊണ്ടാണ് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് നോട്ട് നിരോധനമെന്ന് ഡോ.മൻമോഹൻ സിംഗ് ലളിതമായി രാജ്യസഭയിൽ നോട്ട് നിരോധനത്തിന് വിശേഷണം നൽകിയത്!

No comments:

Post a Comment